വിവാഹ
വാര്‍ഷിക സമ്മാനമായൊരു യാത്ര.
ശരിക്കും
പറയുവാണെങ്കില്‍ ജോലിയുടെ
തിരക്കുകളില്‍ നിന്ന് മാറി
കലാമിന്റെ നാട്ടിലേക്ക് .
കൂടെ
അഛനും അമ്മയും .ഒരു
പക്ഷേ ഞങ്ങള്‍ നാലു പേരും
ഒരുമിച്ചുള്ള ആദ്യ യാത്രയാണിതെന്ന
പ്രത്യേകതയുമുണ്ട്.ഞങ്ങളുടെ
സാരഥിക്ക് പരിചിതമായ
വഴികളാണിവയൊക്കെ.
ക്ഷമിക്കണം
സാരഥിയെ പരിചയപെടുത്തിയില്ല
എന്റെ സ്വന്തം ഭര്‍ത്താവ്.അദ്ദേഹത്തിനു
ആദ്യമായി ജോലി ലഭിച്ചത്
കലാമിന്റെ നാടായ രാമനാഥപുരം
ജില്ലയിലെ കമുദി എന്ന
സ്ഥലത്താണ്.അതുകൊണ്ടു
തന്നെ തിരുനെല്‍വേലി പട്ടണം
കടന്ന് പാമ്പന്‍ പാലം വഴി
ധനുഷ്കോടിയിലേക്കുള്ള
യാത്രയിലെ ഒരോ വഴികളും
അദ്ദേഹത്തിനു സുപരിചിതമായിരുന്നു.
മെയ്
4
കണവന്റെ
(എല്ലാം
തമിഴിലാവട്ടെ...)ജന്മദിനം.
രാവിലെ
4
മണിക്കു
തന്നെ യാത്ര തിരിച്ചു.
ചേര
-ചോള
രാജാക്കന്മാരുടെ നാട്ടിലേക്ക്.അമ്മയുടെ
കണ്ണനെ വണങ്ങി നെയ്യാറിന്‍
തീരത്ത് നിന്നു രാമേശ്വരത്തേക്ക്
ഒരു യാത്ര.നനുത്ത
തണുപ്പിൽ അരണ്ട വെളിച്ചത്തിൽ
ദൂരെ ഒരു കട ..അച്ഛനിലെ
ഗൃഹനാഥൻ ഉണർന്നു .ചായ
കുടിക്കാം എല്ലാവരും അനുസരിച്ചു
.വണ്ടി
നിർത്തി .തണുത്ത്
വിറച്ചിരിക്കുന്ന ഒരപ്പൂപ്പൻ
,നാടൻ
ചായക്കട ..ചൂട്
പഴംപൊരിയുടെ മണം ..നാല്
ചായ ,
നാല്
പഴംപൊരി.
കടയ്ക്കകത്ത്
കയറി അച്ഛൻ പറഞ്ഞു .രാവിലത്തെ
കൈനീട്ട കച്ചവടം കുശാലായെന്ന
ഭാവത്തോടെ അപ്പുപ്പൻ നാല്
ചൂട് ചായ വിളമ്പി,കൂടെ
പഴംപൊരിയും .സ്ഥലം
തിരക്കിയപ്പോൾ "കന്നുവാമൂട്"
.അച്ഛനും
മകനും ഒരായിരം കഥകൾ പറഞ്ഞു
നാടിനെ കുറിച്ച് .പൊതുവെ
തമിഴ്‌നാട് ഇഷ്ടമല്ലാത്ത
ഞാനും അമ്മയും ഒന്നും മിണ്ടിയില്ല
പഴപൊരിയിൽ ശ്രദ്ധിച്ചു
.അപ്പുപ്പനിൽ
നിന്ന് നാല് പഴംപൊരി കൂടി
വാങ്ങാൻ അതിനിടയിൽ 'അമ്മ
മറന്നില്ല..പതുക്കെ
പതുക്കെ കാറ് നീങ്ങി തുടങ്ങി
.ദിനചര്യയുടെ
ഭാഗമായ മലയാള പത്രങ്ങൾ കേരളം
വിടുന്നതിനു മുമ്പ് അച്ഛൻ
വാങ്ങിയിരുന്നു .അച്ഛന്റെയും
അമ്മയുടെയും ഇഷ്ടപത്രങ്ങൾ
കേരളത്തിലെ രണ്ട് വിരുദ്ധ
ആശയങ്ങളെ പ്രതിനിധാനം
ചെയ്യുന്നവയാണ്.അവർ
പത്ര വായനയിൽ മുഴുകിയപ്പോൾ
ഞങ്ങളാവട്ടെ ഒരു
വർഷം മുമ്പ് ഇതേ ദിവസം
സംഭവിച്ച ഓരോ കാര്യങ്ങളും
ഓർത്തെടുക്കുന്ന തിരക്കിലാണ്
.
ജയചന്ദ്രന്റെ
പാട്ടുകൾ കേട്ട് നാഞ്ചിനാട്ടിലൂടെ
ഒരു
യാത്ര,കന്യാകുമാരി
ജില്ലയിലെ തോവാള,
അഗസ്തീശ്വരം
എന്നീ താലൂക്കുകളും കൽക്കുളം
താലൂക്കിന്റെ തെക്കുഭാഗവും
ഉൾപ്പെടുന്ന
പ്രദേശമാണ് നാഞ്ചിനാട്.
1949 വരെ
തിരുവിതാംകൂറിന്റെയും 1949
മുതൽ
1956
വരെ
തിരു-കൊച്ചിയുടെയും
ഭാഗമായിരുന്ന ഈ സ്ഥലം 1956
നവംബർ
1
മുതൽ
മദ്രാസ് (തമിഴ്നാട്)
സംസ്ഥാനത്തിന്റെ
ഭാഗമായി മാറി.
.നാഗര്‍കോവിലിനു
വടക്ക് മുപ്പന്തല ക്ഷേത്രം.അമ്മയിലെ
ഭക്ത ഉണർന്നു
ഞങ്ങളിറങ്ങി.ഇശക്കിയമ്മയുടെ
അനുഗ്രഹം തേടി ,
തമിഴ്
സംസ്കാരം തുളുമ്പുന്ന
നാഞ്ചിനാട്ടിലെ ഒരു ക്ഷേത്രം
..കുങ്കുമവും
വാങ്ങി പുറത്തേയ്ക്കിറങ്ങുമ്പോള്‍
മനസ്സിനെന്തോ
കുളിർമ .സൂര്യൻ
ഉദിച്ചുയരുന്നതേയുള്ളു
.വഴിയോരങ്ങളിൽ
കുടവുമായി കാത്തുനിൽക്കുന്ന
സ്ത്രീകൾ ,ഒരു
പക്ഷെ സിനിമയിൽ അല്ലാതെ ഞാൻ
കണ്ടിട്ടില്ലാത്ത കുറെയേറെ
കാഴ്ചകൾ .കാറ്റാടിപാടങ്ങൾ
വഴി വണ്ടി മുന്നോട്ട് പോയി
.അച്ഛൻ
പറഞ്ഞു ഇതാണ് "ആരുവാമൊഴി
",
തിരുവിതാംകൂറിൽനിന്നു
തിരുനെൽവേലിയിലേക്ക് (തമിഴ്
നാട്ടിലേക്ക്)
കടക്കുവാനുള്ള
ചുരം.പണ്ട്
മധുര സൈന്യം നാഞ്ചിനാട്ടിലേക്ക്
വന്നത് ഇതുവഴിയാണ്.,അച്ഛനിലെ
ചരിത്രാന്വേഷി ഞങ്ങളെ
ബോറടിപ്പിക്കാറില്ല
..ഞങ്ങൾക്കൊക്കെ
ഇഷ്ടമാണ് അച്ഛൻ പറയുന്നത്
കേൾക്കാൻ .ഒരു
പക്ഷെ ആയിരം പുസ്തകങ്ങൾ
വായിക്കുന്നതിനേക്കാൾ എനിക്ക്
ഈ ലോകമെന്തെന്നു മനസ്സിലാക്കാൻ
എന്റെ അച്ഛന്റെ വാക്കുകൾ
എന്നെ സഹായിച്ചിട്ടുണ്ട്
.പെട്ടെന്ന്
'അമ്മ
അസ്ഥാനത്തായി ഒരു ഡയലോഗടിച്ചു
.അച്ഛനിലെ
അദ്ധ്യാപകൻ ഞെട്ടി .സാരഥിക്കാവട്ടെ
ചിരിയടക്കാനായില്ല.ഞാൻ
തിരിഞ്ഞമ്മയെ നോക്കി ..പാവം
വീണ്ടും ആ ഡയലോഗ് എനിക്ക്
നേരെ ആവർത്തിച്ചു."എനിക്ക്
വിശക്കുന്നു ".ചുറ്റും
കടകളില്ല .ആനന്ദേട്ടൻ
പറഞ്ഞു അടുത്തൊരു സ്ഥലമുണ്ട്
"കാവൽക്കിണർ",അവിടെയെത്തിയാൽ
ചൂട് ദോശ കിട്ടും ,'അമ്മ
അന്നാദ്യമായി തമിഴ്
വായിക്കാനറിയാത്തതിന്റെ
ദുഃഖമറിഞ്ഞു,
കാവൽക്കിണർ
കാത്തു കാറിന്റെ ജനാലയിലൂടെ
പുറത്തേയ്ക്ക് നോക്കിയിരുന്നു.ആഹാരപ്രിയനായ
എന്റെ ഭർത്താവ്
സ്ഥിരം പോകാറുള്ള കടയെത്തിയപ്പോൾ
വണ്ടി നിർത്തി .'അമ്മ
ഉത്സാഹത്തോടെ പുറത്തേക്കിറങ്ങി
.ചൂടോടെ
ദോശ,ചട്ണി
,സാമ്പാർ
...ആഹാ
വായിൽ വെള്ളമൂറുന്നു ഇപ്പോഴും
..അങ്ങനെ
തമിഴന്റെ ഭക്ഷണം കൊള്ളില്ലാന്നുള്ള
അമ്മയുടെ വാദം പൊളിഞ്ഞു
.തലൈവിയുടെ
നാട്ടിൽ ജോലി ചെയ്തിട്ടുള്ളവരാണ്
,ഞാനും
അച്ഛനും ആനന്ദേട്ടനും .
ഞങ്ങളോടൊക്കെ
തമിഴന്റെ ആഹാരം കൊള്ളില്ലാന്നു
പറയാറുള്ള 'അമ്മ
അന്ന് സന്തോഷത്തോടെ ദോശ
കഴിക്കുന്നത് കണ്ടപ്പോൾ
എനിക്ക് നന്നായി ചിരി വന്നു
.പാവം
എന്നും ഞങ്ങളുടെ വയറു നിറക്കാൻ
രാവിലെ മുതൽ അടുക്കളയിൽ
പണിയെടുക്കുന്ന അമ്മ വിശന്നുവെന്നു
പറഞ്ഞപ്പോൾ സത്യം ചെറിയൊരു
വിഷമം തോന്നിയിരുന്നു
.കാവൽകിണറിലെ
കിണർ അന്വേഷിച്ചു അമ്മയുടെ
കണ്ണുകൾ പിന്നെയും കുറെ ദൂരം
അലഞ്ഞു.
ഞങ്ങളുടെ
യാത്ര തിരുനെൽവേലിയിലേക്ക്
.
കന്യാകുമാരി,
തിരുനെൽവേലി
ജില്ലകളുടെ അതിർത്തിയിലാണ്
മഹേന്ദ്രഗിരി.
പശ്ചിമഘട്ടത്തിന്റെ
തെക്കൻ
ഭാഗങ്ങളിലൊന്നാണിത്.ബഹിരാകാശനിലയമാണിവിടുത്തെ
പ്രത്യേകത.അതെ
തിരുനെൽവേലിയെത്തി ..കനത്ത
മഴകളിൽ നിന്നും ബ്രാഹ്മണന്റെ
നെൽ പാടങ്ങളെ സംരക്ഷിക്കാനായി
ഭഗവൻ ശിവൻ വേലി കെട്ടിയെന്നും
അതിനുശേഷം ആണ് തിരു-നെൽ-വേലി
എന്ന പേരു വന്നതെന്നും
പറയപ്പെടുന്നു.തമിഴ്‌നാട്ടിലെ
തെക്കേ അറ്റത്തുള്ള പഴക്കം
ചെന്ന ഒരു പട്ടണം ആണ്
തിരുനെൽവേലി.താമരബരണി
നദി യുടെ തീരത്തൂടെ ഞങ്ങൾ
മുന്നോട്ട് പോയി.തിരുനെൽവേലി
പ്രസിദ്ധമായത് അവിടത്തെ
പ്രസിദ്ധമായ ഇരുട്ടുകടയിലെ
തിരുനെൽ വേലി ഹൽവക്കാണ്
ഇതിനോളം രുചിയുള്ള ഹൽവ
മറ്റെങ്ങും ഇല്ലെന്നാണ്.
ഇവിടം
സന്ദർശിക്കുന്നവർ പൊതുവെ
വാങ്ങുന്ന ഒരു പലഹാരമാണിത്.
നുറ്റാണ്ടിന്റെ
പെരുമയുണ്ട് ഈ രുചിക്ക്.
ആ
രുചിയറിയാനും ഞങ്ങൾ ശ്രമിച്ചു
.അവിടെ
ആനന്ദേട്ടന്റെ ഒരു സുഹൃത്തിന്റെ
കല്യാണത്തിന് പങ്കെടുക്കണമായിരുന്നു
.വ്യത്യസ്തമായ
ആചാരങ്ങൾ നിറഞ്ഞ വിവാഹം.പോകുന്ന
വഴിയിലൊക്കെ പെണ്ണിന്റെയും
ചെക്കന്റേയും ചിത്രങ്ങൾ
പതിച്ച ഫ്ളക്സ് ബോർഡുകൾ
,അവിടെയെത്തിയപ്പോൾ
എന്റെയും അമ്മയുടെയും കണ്ണുകൾ
കാഞ്ചീപുരം സാരികൾ ഉടുത്ത്
സുന്ദരികളായി നടന്നു നീങ്ങുന്ന
തരുണീമണികളിൽ ഉടക്കി നിന്നു.കുറച്ച
തൈര് സാദം കഴിച്ചു ,വിശപ്പില്ലെങ്കിലും
അവരുടെ ആഹാരങ്ങൾ രുചിക്കാനൊരു
മോഹം തോന്നി .ചുട്ടു
പഴുക്കുന്ന വെയിലത്ത് കുറെ
ദൂരം കല്യാണ മണ്ഡപത്തിനു
ചുറ്റും നടന്നു ..എന്താ
പറയുക ഒരു രസം.കാണാനേറെ
ഈ ലോകത്തുണ്ടെന്നു തോന്നി
ഒരു 150
കിലോമീറ്റർ
യാത്ര ചെയ്തതേയുള്ളു ,പക്ഷെ
എന്തുമാത്രം വ്യത്യസ്തരായ
മനുഷ്യർ ,ആചാരങ്ങൾ
,ഭക്ഷണം
,അലങ്കാരങ്ങൾ
.9
മണി
കഴിഞ്ഞിരുന്നു .തിരുനെൽവേലി
ഹൽവ അല്പം വാങ്ങി തത്കാലം
തിരുനെൽവേലിയോട് വിട .ഇനി
തുറമുഖ പട്ടണത്തിലേക്ക് .
തമിഴ്നാട്ടിലെ
ഒരു പ്രധാന തീരദേശ
ഗതാഗത-വാണിജ്യ-മത്സ്യബന്ധന
കേന്ദ്രമായ തൂത്തുകുടിയാണ്
അടുത്ത ലക്ഷ്യം .തൂത്തുക്കുടിയിലെ
വ്യവസായങ്ങളിൽ തുണിമില്ലുകൾക്കാണ്
മുഖ്യ സ്ഥാനം.
വളം,
ഉപ്പ്,
രാസവസ്തുക്കൾ
എന്നിവയുടെ ഉത്പാദനം,
മത്സ്യം,
തേയില,
കാപ്പി
തുടങ്ങിയവയുടെ സംസ്കരണം
എന്നിവയ്ക്കും പ്രാമുഖ്യമുണ്ട്.
വ്യാവസായികോത്പന്നങ്ങളിൽ
ഭൂരിഭാഗവും കയറ്റുമതി
ചെയ്യുന്നു.
കാർഷിക
വിളകളിൽ തിന,
ചോളം
തുടങ്ങിയവയാണ് കൂടുതലുള്ളത്.
മുമ്പ്
മുത്തും ശംഖും ഇവിടെനിന്ന്
വിദേശങ്ങളിലേക്ക് കയറ്റുമതി
ചെയ്തിരുന്നതായി ചരിത്രരേഖകൾ
സൂചിപ്പിക്കുന്നു.ഇത്തവണ
വിവരാന്വേഷികയുടെ ഞാനണിഞ്ഞു
.നമ്മുടെ
സ്വന്തം വിക്കിഭഗവാനെ മനസ്സിൽ
ധ്യാനിച്ച് മൊബൈല് നോക്കി
ഞാനും കുറെ വിവരങ്ങൾ സഹയാത്രികർക്ക്
കൈമാറി പാവം നല്ല
ഉറക്കത്തിലാ..ഇടക്കെപ്പോഴോ
ഉണർന്നപ്പോൾ ഞാൻ ഉപ്പെന്നു
പറയുന്നത് കേട്ടു .പിന്നെ
അമ്മയും തുടങ്ങി ഉപ്പിന്റെ
കഥ പറയാൻ ,ഉപ്പളങ്ങളുടെ
കഥ പറയാൻ ,ഞാനാകെ
ഞെട്ടി പോയി എന്റമ്മക്ക്
ഇത്രയും വിവരമോ (പാവം
ഞങ്ങളുടെ വീട്ടിലെ എല്ലാവരാലും
കളിയാക്കപ്പെടുന്ന ഒരു
പാവമാണെന്റെ 'അമ്മ
.പുള്ളിക്കാരിക്ക്
നല്ല വിവരമാണ് ദിവസവും
മാതൃഭൂമിയും ദേശാഭിമാനിയും
അരിച്ചുപെറുക്കി വായിക്കും.സർക്കാരിന്റെ
.ഒരു
പഴയ സേവികക്ക് അത്യാവശ്യം
വിവരമൊക്കെയുണ്ട് ).അതെ
ഉപ്പളങ്ങളുടെ നാടാണ് തൂത്തുകുടി
.ഉപ്പളങ്ങളുടെ
ഇടയിലൂടെയുള്ള യാത്ര .ഇടക്ക്
വണ്ടി നിർത്തി ഉപ്പളങ്ങൾ
കണ്ടു.വിവാദങ്ങളിൽ
പെട്ടിരിക്കുന്നു സ്റ്റെറിലൈൻ
കമ്പനിയുടെ കെട്ടിടവും കണ്ട്
വ്യാവസായിക വാണിജ്യ മേഖലകളിലൂടെ
യാത്ര തുടർന്നു.സംസ്ഥാനത്തെ
മറ്റ് എല്ലാ നഗരങ്ങളുമായും
വാണിജ്യ കേന്ദ്രങ്ങളുമായും
തൂത്തുക്കുടി പട്ടണത്തെ
റോഡുമാർഗ്ഗം ബന്ധിപ്പിച്ചിരിക്കുന്നു.
തൂത്തുക്കുടിയിൽനിന്ന്
ചെന്നൈ,
ഈറോഡ്,
നാഗർകോവിൽ
തുടങ്ങിയ സ്ഥലങ്ങളിലേക്ക്
റെയിൽ ഗതാഗതവും നിലവിലുണ്ട്.
തിരിച്ചെന്തൂർ
അമ്പലത്തിലേക്കുള്ള വഴി
കാണിച്ചപ്പോൾ ആ മോഹം മുന്നോട്ട്
വച്ചു പതിവ് പോലെ തന്നെ അച്ഛൻ
തടസ്സവും പറഞ്ഞു .പിന്നെയമ്മയൊന്നും
മിണ്ടിയില്ല ..ഉപ്പളങ്ങളിൽ
സംതൃപ്തയായി 'അമ്മ
കണ്ണടച്ചിരുന്നു.ഇനിയെങ്ങോട്ടെന്നറിയാതെ.
ഇതുവരെയുള്ള
യാത്ര മുന്നേ നിശ്ചയിച്ചതായിരുന്നു.ഇനി
രാമേശ്വരത്തേയ്ക്ക് ..എന്നാണ്
ഞങ്ങളുടെ ചിന്ത ..പക്ഷെ
സാരഥി വണ്ടി തിരിച്ചു വിട്ടു
സായൽകുടി വഴി കമുദിയിലേക്ക്
..രാമനാഥപുരം
ജില്ല.ഒരു
ചെറിയ ഗ്രാമം ,ഒരു
പക്ഷേ നാടു
വളർന്നതും
4
ജി
എത്തിയതും ഒന്നുമറിയാത്ത
ഒരു സാധാരണ ഗ്രാമം ഇടയിലുള്ള
വഴികളൊക്കെ വിജനമായിരുന്നു.ഓരോ
സ്ഥലവും ആനന്ദേട്ടൻ
പറഞ്ഞു
തന്നു.ആദ്യമായി
ജോലി ആരംഭിച്ചയിടം കാണിക്കാനുള്ള
പാവത്തിന്റെ താല്പര്യം ഞങ്ങളെ
അത്ഭുതപ്പെടുത്തി.
സമയം
ഉച്ചയോടടുത്തു.വിശപ്പിന്റെ
വിളി ,കടകൾ
പോയിട്ട് ഒരു മനുഷ്യനെയെങ്കിലും
കാണാൻ ഞാൻ കൊതിച്ചു .ഇരുവശത്തും
നിറഞ്ഞു നിൽക്കുന്ന ഒരു
പുൽച്ചെടി മാത്രം.(കരിവേലൈ
എന്നാണത്രെ അതിന്റെ പേര്)
ഇതിനു
വളരാൻ വെള്ളം വേണ്ട ഇതുണങ്ങി
അതിന്റെ കത്തിച്ച് അതിന്റെ
കരിയുണ്ടാക്കി വില്കുകയാണത്രെ
അവിടുത്തെ ആളുകളുടെ പ്രധാന
ജോലി.ഇരു
വശങ്ങളിലും മേഞ്ഞു നടക്കുന്ന
കാലികൾ ..അവയെ
കണ്ടാലറിയാം ദാഹിച്ചു തളർന്ന്
അവർ നടക്കുകയാണെന്ന് ..നമ്മുടെ
കേരളം എത്ര സുന്ദരം എന്ന്
തോന്നി പോകുന്ന നിമിഷങ്ങൾ
.ദൈവമേ
അതാ ഒരു കുറെ കുറെ ചെറിയ കടകൾ
..കമുദി
എത്തി ആനന്ദേട്ടൻ പറഞ്ഞു.ബാങ്ക്
കണ്ടു.കുറെ
പഴയ സഹപ്രവർത്തകരെയും
..ശെരിക്കും
അതിലൊരാൾ ഒരു വാർത്ത പറഞ്ഞു
പുതിയൊരു
ഹോട്ടൽ ആദ്യമായി
കമുദിയിൽ
തുറന്നിരിക്കുന്നു.ഞങ്ങളവിടെ
കയറി ..പേരറിയാത്ത
കുറെ കറികൾ ,അവിടെയതാ
എന്റെ വർത്തമാനം കേട്ട്
മലയാളിയെന്നു തിരിച്ചറിഞ്ഞ്
ഒരു തിരുവനന്തുപുരത്തുകാരൻ
ചേട്ടൻ ,കാരകുളമ്പ്
കൂട്ടിയൊരൂ സദ്യ ,തമിഴ്
സദ്യ ,ഇടക്ക്
ഒരാശ്വാസത്തിനു പഴം മാങ്ങ
കൊണ്ടൊരു കറി .അതിനേക്കാളൊക്കെയുപരി
നാട്ടിൽ നിന്നെത്തിയ വിരുന്നുകാരെ
നന്നായിയൂട്ടാൻ തിരുവനന്തപുരത്തുകാരൻ
ചേട്ടൻ നന്നേ ശ്രമിച്ചു
.ഇലയിട്ട
ആ നല്ല തമിഴ് സദ്യ കഴിച്ചു
ഞങ്ങൾ കമുദിയോട് വിട പറയാനൊരുങ്ങി.
വിദ്യാഭ്യാസം
എന്നതൊരുപക്ഷേ ആ നാട്ടിൽ
അപരിചിതമായ പദമായി എനിക്ക്
തോന്നി.ഈ
നാടുൾപ്പെടുന്ന ജില്ലയിൽ
നിന്നാണ് ഭാരതത്തിന്റെ മിസൈൽ
മനുഷ്യൻ ഉണ്ടായതെന്നോർത്തപ്പോൾ
എനിക്കെന്തോ അറിയാതെ കണ്ണ്
നിറഞ്ഞു.പിന്നെ
എന്റെ മനസ്സ് അദ്ദേഹം പത്രം
വിറ്റു നടന്ന നാട് കാണാൻ
വെമ്പൽ കൊണ്ടു .
സമയം
രണ്ട് കഴിഞ്ഞു,വാടി
തളർന്ന്
അച്ഛനുമമ്മയും ഉച്ചമയക്കത്തിലായി.
വണ്ടിയോടിക്കാനറിയാത്തതോർത്ത്
ഞാനും അച്ഛനും വിഷമിച്ചു.പാവം
ഞങ്ങളുടെ സാരഥിയും തളർന്നു
.
യാത്രയുടെ
വേഗത കുറഞ്ഞു ,ഇനിയാണ്
ലക്ഷ്യസ്ഥാനത്തേയ്ക്കുള്ള
യാത്ര ..പാമ്പൻ
പാലത്തിലൂടെയുള്ള യാത്ര.ഇടക്ക്
നിർത്തി ചെറുതായൊന്നു മയങ്ങി
,അതിനടുത്തായി
4000
ഏക്കറോളം
നീണ്ടു കിടക്കുന്ന സോളാർ
പാടം കണ്ടു ,ഏഷ്യയിലെ
തന്നെ ഏറ്റവും വലുതാണൊന്നൊക്കെ
ഇടയിൽ കണ്ട കരിമ്പ് ജ്യൂസ്
ചേട്ടൻ അവകാശപ്പെട്ടു.എന്തായാലും
ഇത്രയും ഭൂമി ഈ തമിഴ്‌നാട്ടിൽ
കൃഷി ചെയ്യാത്തിട്ടിരിക്കുന്നെ
,എത്ര
വലിയ സംസ്ഥാനമാണിത്
,എന്നൊക്കെയോർത്ത്
ഞാൻ വാചാലയായി ,ജലക്ഷാമമാണ്
കൃഷിക്കുള്ള വില്ലൻ എന്നാ
ചേട്ടൻ പറഞ്ഞു.
പിന്നിടങ്ങോട്ട്
വീണ്ടും പുറത്തെ കാഴ്ചകൾക്ക്
വിരാമമിട്ട് വേണുഗോപാലിന്റെ
പാട്ടു കേട്ട് കാർ മുന്നോട്ട്
നീങ്ങി .സമയം
നാല് കഴിഞ്ഞു,ആനന്ദേട്ടൻ
ഉഷാറായി .
പാമ്പൻ
പാലം എത്താറായി .തമിഴ്‌നാട്ടിലെ
രാമനാഥപുരം ജില്ലയുടെ ഭാഗമായ
പാമ്പൻ ദ്വീപിനെ പ്രധാന
കരയുമായി ബന്ധിപ്പിക്കുന്ന
പാലമാണ് പാമ്പൻ പാലം.
തീവണ്ടിക്കു
പോകാനുള്ള പാലവും മറ്റു
വാഹനങ്ങൾക്കായുള്ള പാലവും
സമാന്തരമായി ഉണ്ടെങ്കിലും
തീവണ്ടിപ്പാലത്തിനെയാണ്
പ്രധാനമായും പാമ്പൻ പാലമെന്നു
വിളിക്കുന്നത്.
റോഡ്
പാലത്തേക്കാൾ പതിറ്റാണ്ടുകളുടെ
പഴക്കമുള്ള തീവണ്ടിപ്പാലത്തിന്
ഈ പേര് പണ്ടേ പതിഞ്ഞിരുന്നു.
ഒരു
നൂറ്റാണ്ടോളം പഴക്കമുള്ള
പാമ്പൻപാലം രാജ്യത്തെ
എഞ്ചിനീയറിങ് വിസ്മയങ്ങളിൽ
ഒന്നായാണ് കണക്കാക്കപ്പെടുന്നത്.
2345 മീറ്റർ
നീളമുള്ള പാമ്പൻപാലം
രാജ്യത്തെ ഏറ്റവും നീളമുള്ള
കടൽ പാലമാണ്
പാമ്പൻ
പാലത്തിന്റെ ചരിത്രത്തിന്
ഇന്ത്യയിലെ ബ്രിട്ടിഷ്
ഭരണത്തിന്റെ സുവർണ കാലത്തോളം
തന്നെ പഴക്കമുണ്ട്.
പാക്
കടലിടുക്കിനു കുറുകെ പാലം
നിർമ്മിക്കാൻ
ബ്രിട്ടിഷുകാർക്ക് പ്രചോദനമായത്
ധനുഷ്കോടിയും ശ്രീലങ്കയുമായുള്ള
സാമീപ്യമാണ്.
രാമേശ്വരത്തിന്റെ
ഏറ്റവും കിഴക്കു ഭാഗത്ത്
സമുദ്രത്തിലേക്കു നീണ്ടു
കിടക്കുന്ന തുരുത്താണ്
ധനുഷ്കോടി.
ഇവിടെ
നിന്നു ശ്രീലങ്കയിലേക്കു
കടലിലൂടെ 16
കിലോമീറ്റർ
ദൂരമേയുള്ളൂ.
(സീതയെയും
അപഹരിച്ചു കടന്ന രാവണനെ
പിടിക്കാൻ
ശ്രീരാമൻ ലങ്കയിലേക്കു പോയത്
ഇതുവഴിയാണെന്ന് രാമായണം.
പറയുന്നു
)
1964 ഡിസംബർ
22-നു
രാത്രിയുണ്ടായ അതിശക്തമായ
ചുഴലിക്കാറ്റ് പാമ്പൻ ദ്വീപിനെ
തകർത്തെറിഞ്ഞു.
ധനുഷ്കോടിയിലേക്കു
പോവുകയായിരുന്ന ഒരു ട്രെയിൻ
ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി.
ആരും
രക്ഷപ്പെട്ടില്ല.
ധനുഷ്കോടി
പട്ടണവും റോഡും തീവണ്ടി പാളവും
എല്ലാം
പൂർണ്ണമായി
നശിച്ചു.
പാമ്പൻ
പാലത്തിനും കാര്യമായി കേടുപറ്റി.
പാലത്തിന്റെ
നടുവീലെ ലിഫ്റ്റ് ചുഴലിയിലും
തകർന്നില്ല.
ഈ
ഭാഗം നിലനിർത്തി പിന്നീട്
പുതുക്കി പണിതതാണ് ഇപ്പോഴുള്ള
പാലം.ദുർഘടമായ
കൊങ്കൺപാതയും ഡെൽഹി മെട്രോയും
പണിയാൻ നേതൃത്വം വഹിച്ച ഇ.
ശ്രീധരൻ
ആണു പാമ്പൻ പാലവും പുതുക്കിപ്പണിയാൻ
നേതൃത്വം വഹിച്ചത്.
ദുരന്തത്തിനു
ശേഷം ധനുഷ്കോടിയിൽ ആളൊഴിഞ്ഞു.
തകർന്ന
കെട്ടിടങ്ങൾ മാത്രമാണ്
അവിടെയിപ്പോഴുള്ളത്.
തീവണ്ടികൾ
രാമേശ്വരം വരെയേ പോകൂ.
ഞങ്ങളുമിതാ
പാലത്തിൽ കയറി .ഇരു
വശങ്ങളിലും കടലിലേക്ക് നോക്കി
നിൽക്കുന്ന വിനോദ സഞ്ചാരികൾ.ഞങ്ങളുടെ
യാത്രയിൽ ഞങ്ങൾ എത്തിയ ആദ്യ
വിനോദ സഞ്ചാര കേന്ദ്രം .പാമ്പൻ
പാലത്തിലിറങ്ങി യഥാർത്ഥ
പാമ്പൻ പാലം കണ്ടു (റെയിൽവേ
പാലം)നീണ്ടു
നിവർന്നു കിടക്കുന്ന പാലം
,മനുഷ്യ
നിർമ്മിതിയോർത്ത് ഞങ്ങളാകെ
അത്ഭുതപ്പെട്ടു .ഇതിന്റെ
പിന്നിലും മലയാളിയാണെന്നതിൽ
ഞങ്ങളും അഭിമാനിച്ചു..1964
ലെ
സംഭവം ഞാൻ വിക്കിപീഡിയയുടെ
സഹായത്തോടെ പറഞ്ഞതിനേക്കാൾ
അന്ന് ജീവിച്ചിരുന്ന അച്ഛനും
അമ്മയും വാതോരാതെ സംസാരിച്ചു.പാമ്പൻ
പാലത്തിലൂടെ കാറ് മുന്നോട്ട്
നീങ്ങി ,ഇറങ്ങി
നിന്നപ്പോൾ പാലം കുലുങ്ങുന്ന
പോലെ തോന്നിയെന്ന് 'അമ്മ
പറഞ്ഞു.തിരമാലകളുടെ
പ്രഹരത്തിലാണെന്നു
അച്ഛനവകാശപെട്ടു.എന്റെ
മനസ്സ് അവിടൊന്നുമായിരുന്നില്ല
..ഞാൻ
ഗൂഗിൾ മാപ്പിൽ നോക്കി ഭാരത്തിന്റെ
അതിർത്തി വിട്ടു പോകുന്ന
പോലെ തോന്നി..അതെ..ശ്രീലങ്കയിലേക്ക്
പോകുന്ന പോലെ.സാക്ഷാൽ
കലാമിന്റെ നാട്ടിൽ അദ്ദേഹം
നടന്ന വഴികളിലൂടെ ..അഗ്നിചിറകുകളിലെ
ഓരോ വരിയും ഞാനോർത്തു .
ശ്രീരാമചന്ദ്രനാൽ
ശിവപ്രതിഷ്ഠ നടന്ന സ്ഥലം
എന്ന് വിശ്വസിക്കപ്പെടുന്ന
പ്രദേശമാണ് രാമേശ്വരം.
രാമന്റെ
ഈശ്വരൻ വാണരുളുന്ന ദേശം എന്ന
അർഥത്തിൽ ഈ പ്രദേശത്തിന്
രാമേശ്വരം എന്ന് നാമം.
ലഭിച്ചു
.എ
പി ജെ അബ്ദുൾ കലാമിന്റെ സ്‌മൃതി
മണ്ഡപമാണ് ആദ്യമായി ഞങ്ങളെ
കാത്തിരുന്നത്.അദ്ദേഹത്തിന്റെ
വിവിധ സമയങ്ങളിലെ
ഫോട്ടോകൾ
,വിവിധ
കലാകാരമാരുടെ സൃഷ്ടികൾ ,
പുഷ്പങ്ങളാല്‍
അലങ്കരിച്ച ശവകുടീരം .കുറേ
സമയം ആ വലിയ മനുഷ്യന്റെ
അടുത്തിരിക്കാൻ തോന്നി
,ബഹുമാനപെട്ട
പ്രധാനമന്ത്രി ഈ മഹത്തായ
ഉദ്യമം നാടിനു സമർപ്പിച്ചിട്ടു
ഒരു വർഷം
പോലുമായിട്ടില്ല ,അതുകൊണ്ടു
തന്നെ പുതുമയൊട്ടും കുറയാതെ
അത് കാത്തു സൂക്ഷിക്കപെടുന്നു
.മരീന
ബീച്ചിൽ ബഹുമാനപെട്ട
മുഖ്യമന്ത്രിമാരുടെ
സ്‌മൃതിമണ്ഡപങ്ങൾ
അമ്പലങ്ങളെക്കാൾ പരിശുദ്ധിയോടെ
സംരക്ഷിക്കുന്ന തമിഴ് ജനത
അവരുടെ അഭിമാനം വാനോളം ഉയർത്തിയ
ആ വലിയ മനുഷ്യനേയും പരുശുദ്ധിയോടെ
കാക്കുമെന്നുറപ്പ്..
സമയം
5
കഴിഞ്ഞു,രാമേശ്വരം
ക്ഷേത്രത്തേക്കാൾ പ്രധാനമായി
ഇന്ത്യയുടെ തെക്ക് കിഴക്കേ
അറ്റം കാണാൻ ധൃതിയായി.ഇനി
ഉപേക്ഷിക്കപ്പെട്ട ആ
പട്ടണത്തിലേക്ക് ധനുഷ്‌കോടി
.964
ൽ
രാമേശ്വരത്ത് ഉണ്ടായ
അതിഭയങ്കരമായചുഴലിക്കൊടുങ്കാറ്റിനെ
തുടർന്ന് ഈ നഗരം പൂർണ്ണമായി
നശിപ്പിക്കപ്പെടുകയും ഇന്നും
കാര്യമായ ജനവാസമില്ലാതെ ഒരു
പ്രേതനഗരമായി തുടരുകയും
ചെയ്യുന്നുവെന്നു ആനന്ദേട്ടന്‍
യാത്രാമധ്യെ പറഞ്ഞു .ധനുഷ്കോടിയിൽ
എത്താനുള്ള മാർഗ്ഗം കടൽക്കരയിലൂടെ
കാൽനടയായോ അല്ലെങ്കിൽ ദുർഘടമായ
വഴിയിലൂടെയുള്ള ജീപ്പ്
യാത്രയുമാണെന്നൊക്കെ പറഞ്ഞ്
കാറു മുന്നൊട്ട് നീങ്ങി ഞങ്ങളെ
കാത്തിരുന്നത് വളരെ സുരക്ഷിതമായ
പാതയായിരുന്നു.ഞാനൊരു
രണ്ടു വര്‍ഷം മുമ്പ് വന്നപ്പൊള്‍
ഇതല്ല സ്ഥിതിയെന്നും 2017
ജുലൈ
27ന്
പ്രധാനമന്ത്രി നരേന്ദ്ര മോഡി
ആകെ 9.5
കിലോമീറ്റർ
ദൂരത്തിൽ (മുകുന്ദരായർ
ചതിരം മുതൽ ധനുഷ്കോടിവരെ 5
കിലോമീറ്ററും
ധനുഷ്കോടി മുതൽ അരിച്ചൽമുനൈ
വരെ 4.5
കിലോമീറ്ററും)
ധനുഷ്കോടിയേയും
പ്രധാന കരയേയും NH-49
(ഇപ്പോൾ
പുതിയ NH
87) വഴി
ബന്ധിപ്പിക്കുന്ന പൂർത്തിയായ
പാത രാഷ്ട്രത്തിനു സമർപ്പിച്ചുവെന്നും
വഴിയില്‍ പരിചയപെട്ട ഒരു
മലയാളി സുഹൃത്ത് പറഞ്ഞു.സീതയെ
വീണ്ടെടുക്കാൻ ശ്രീരാമൻ
ലങ്കയിലേക്ക് സേതുബന്ധനം
നടത്തുമ്പോൾ പണി തുടങ്ങാൻ
തന്റെ ധനുസ്സ് കൊണ്ട്
അടയാളപ്പെടുത്തിയിരുന്നത്
ധനുഷ്‌കോടിയുടെ തെക്കേ
അറ്റമായിരുന്നു എന്ന് ഐതിഹ്യം.
യുദ്ധാനന്തരം
തിരികെ വരുമ്പോൾ രാവണന്റെ
സഹോദരനും തന്റെ ഭക്തനുമായ
വിഭീഷണന്റെ അപേക്ഷപ്രകാരം,
ഭാരതതീരത്തെ
ലങ്കയുമായി ബന്ധിപ്പിക്കുന്ന
സേതുവിന്റെ ഒരറ്റം ശ്രീരാമൻ
തന്റെ ധനുസ്സിന്റെ അറ്റം
കൊണ്ട് മുറിച്ചുകളഞ്ഞു.
ലങ്കയിൽ
നിന്നും രാക്ഷസന്മാർ തിരികെ
ഭാരതത്തിലേക്ക് കടക്കാതിരിക്കുവാൻ
വേണ്ടിയായിരുന്നു അത്രെയത്.കഥകള്‍
പണ്ടൊക്കെ മുത്തശ്ശിമാര്‍
പറഞ്ഞു തരും.ഇപ്പോള്‍
വിക്കീപീഡിയയും.
ഇരു
വശവും തകർന്നടിഞ്ഞ പള്ളികളും
വലിയ കെട്ടിടങ്ങളും കാണാം
,ശംഖ്
മാലകൾ വിൽക്കുന്ന ചേച്ചിമാർക്കൊക്കെ
പറയാനുള്ളത് പ്രതാപം നിറഞ്ഞ
ഒരു പട്ടണം നശിച്ച കഥകൾ
മാത്രം.നാശത്തിന്റെ
അവശിഷ്ടങ്ങൾ ഇപ്പോഴും മാറാതെ
നിൽക്കുന്നത് ഒരു പക്ഷെ
പ്രകൃതിയുടെ സംഹാര താണ്ഡവം
ഇന്നും മനുഷ്യനെ
ഓർമ്മിപ്പിക്കാനാവാം
.കരദേശത്തിന്റെ
അറ്റത്തു ഞങ്ങളെത്തി ഇനി
കടലാണ് .തൊട്ടടുത്തു
ശ്രീലങ്ക .അവിടെയൊരു
അശോകസ്‌തംഭം,അതിനു
മുന്നിൽ നിന്ന് ഫോട്ടോകളെടുത്തു
.കടലിൽ
കാലു നനച്ചു.ആരോടെന്നില്ലാതെ
പറഞ്ഞു .ഞങ്ങളിതാ
ഇന്ത്യയുടെ ഒരറ്റം തൊട്ടിരിക്കുന്നു
.അമ്മയാകെ
സന്തോഷവതിയായിരുന്നു
ജീവിതത്തിലേറ്റവും വലിയ
സൗഭാഗ്യം ..കടൽക്കരയിലൂടെ
നടന്നു.വീണ്ടും
വരണമെന്ന് ആരോ പറയുന്ന പോലെ
തോന്നി.നേരം
നന്നായി ഇരുട്ടി.
മനസ്സില്ലാമനസ്സോടെ
ധനുഷ്‌കോടിയോട് വിട പറഞ്ഞു
.ഇനി
രാമേശ്വരം രാമനാഥസ്വാമി
ക്ഷേത്രത്തിലേക്ക്..
ഭാരതത്തിലുള്ള
നാല് ഹിന്ദുമഹാക്ഷേത്രങ്ങളിൽ
ഒന്നായ പുണ്യഭൂമിയിലേക്ക്
.ക്ഷേ
ത്രത്തിനുള്ളിലെ
ദീർഘമായ പ്രാകാരങ്ങൾ
(പ്രദക്ഷിണത്തിനുള്ള
ഇടവഴികൾ)
പ്രശസ്തമാണ്.
ഇവയിൽത്തന്നെ
ഏറ്റവും പുറമേയുള്ള മൂന്നാം
പ്രാകാരം അതിന്റെ ദൈർഘ്യത്താൽ
കീർത്തികേട്ടതാണ്.
ക്ഷേത്രത്തിനുള്ളിലുള്ള
ഇരുപത്തിരണ്ട് പവിത്രകുണ്ഡങ്ങളിലെ
ജലത്തിലുള്ള സ്നാനം മോക്ഷദായകമായി
വിശ്വാസികൾ
കരുതിപ്പോരുന്നു.
അമ്മക്ക്
നല്ല ആഗ്രഹമുണ്ടായിരുന്നു
22
കിണറുകളില്‍
നിന്നുള്ള സ്നാനം ..പക്ഷെ
നടന്നില്ല,ആ
തിരക്കില്‍ അമ്മക്കോടാന്‍
കഴിയില്ലായിരുന്നു.ശ്രീ
രാമനാഥസ്വാമിയെയും ,
അദ്ദേഹത്തിന്റെ
ധർമപത്നിയേയും കണ്ടു വണങ്ങി.രാത്രി
8
മണിയായപ്പൊഴേക്കും.അവിടെ
നിന്നു മടക്കം.ഇനിയും
വരാമെന്ന പ്രതീക്ഷയോടെ..