Saturday, May 2, 2020

ഓണ്‍ലൈന്‍ വിഷുക്കണി




        മനസ്സിന്റെ തോന്നലുകളാണ് പലപ്പോഴും സ്വപ്നങ്ങളായി രാത്രിയില്‍ നമ്മെ തേടിയെത്തുന്നത്.കാണാന്‍ കൊതിക്കുന്ന കാഴ്ചകള്‍ക്കിടയിലും സ്വര്‍ഗ്ഗതുല്യമായ സൗകര്യങ്ങള്‍ക്കിടയിലും ഒറ്റപ്പെടല്‍ എന്ന ഭീകരത അവളെ പിന്‍തുടര്‍ന്നു.സ്വപ്നങ്ങളില്‍ പോലും അവള്‍ ഒറ്റക്കായി.



ബാംഗ്ളൂര്‍ എന്ന മഹാനഗരത്തിലെ അപ്പാര്‍ട്ട്മെന്റിലെ പതിമൂന്നാം നിലയില്‍ നിന്നു താഴേക്ക് നോക്കി അവള്‍ നിന്നു.സമയം രാത്രി 11 മണി .കിടന്നിട്ടുറക്കം വരുന്നില്ല.അയല്‍ക്കാര്‍ ഏതു നാട്ടുകാരെന്നു പോലുമറിയില്ല.ഭക്ഷണം വിളമ്പുന്നവരെയും മുന്‍ പരിചയമില്ല.തന്റെ മാതൃ ഭാഷ സംസാരിക്കുന്ന ഒരാളെ പോലും  ചുറ്റൂപാടില്‍ കാണാത്തൊരവസ്ഥ.അതി ഭീകരമായ ദിവസങ്ങള്‍ രാത്രികള്‍.


നാളെ വിഷു.ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം വിഷുകണി കാണാന്‍.ജീവിതത്തിലാദ്യമായി വീട്ടില്‍ നിന്നു അകന്നിട്ടൊരു വിഷു.ശീതീകരിച്ച ആ മുറിയില്‍ അവള്‍  ഒറ്റക്ക് ഒരു വിഷു കണിയൊരുക്കി.കൃഷ്ണന്റെ ഫോട്ടോയുടെ മുന്നില്‍ മാലയൂരി വചു.കാരണം സ്വര്‍ണ്ണം കണിയൊരുക്കുമ്പോള്‍ വയ്ക്കുന്ന പതിവ് അമ്മക്കുണ്ട്.കണിവെള്ളരിയും കണിക്കൊന്നയും ഇല്ലാത്ത വിഷു.എങ്കിലും ആദ്യമായി സ്വന്തമായി വരുമാനം നേടിയ വിഷു എന്ന പ്രത്യേകതയുണ്ട് ഈ വിഷുവിനു.പക്ഷേ എല്ലാ പ്രവാസി മലയാളികളേയും പോലെ അവളും കേരളത്തെ വല്ലാതെ കൊതിക്കുന്നു എന്നവളുടെ കണ്ണുകള്‍ സൂചിപ്പിച്ചു.


മലയാളികള്‍ മറ്റേവരെപോലെയും തങ്ങളുടെ ആശംസകള്‍ sms-ല്‍ ഒതുക്കുന്ന പുതുസംസ്കാരത്തിന്റെ ഭാഗമായ ഒരു സുഹൃത്തിന്റെ ചെന്നെയില്‍ നിന്നുള്ള വിഷു ആശംസാ സന്ദേശമാണ് അവളെ ഉണര്‍ത്തിയത്.പതിവു പോലെ റൂംബോയുടെ കോളിങ്ങ് ബെല്‍  ശബ്ദം.അതിനിടയില്‍ എപ്പോഴോ തലേദിവസം ഒരുക്കി വെച്ച തന്റെ കണ്ണനെ ഒരു നോക്ക് കണ്ടു.ഈയൊരു വര്‍ഷം നല്ലതാവണേ എന്നു പ്രാര്‍ഥിച്ചു.എന്നിട്ടവള്‍ വാതില്‍ തുറന്നു."ആപ്കോ ക്യാ നാശ്താ ച്യാഹിയേ" ഈ ചോദ്യവുമായി നില്‍ക്കുന്ന ഒരു ബീഹാറി യുവാവ് ..മേട മാസപുലരിയില്‍ അവളാദ്യം  കണ്ട മനുഷ്യന്‍..


വിഷുവിനും സംക്രാന്തിക്കും എന്താ പ്രത്യേകത എന്നു ചോദിക്കുന്ന ഐ ടി കമ്പനിയിലെ കേവലം ഉദ്യോഗസ്തയായ അവള്‍ക്ക് പിന്നീട് നിമിഷ നേരത്തിനുള്ളില്‍ തന്നെ തേടിയെത്തുന്ന ഓഫീസ് കാബില്‍ കയറണം.അതിനായുള്ള തയ്യാറെടിപ്പില്‍ അവള്‍ മുഴുകി.


ഉച്ചക്ക് തന്റെ സുഹൃത്തിന്റെ ഫോണ്‍ വിളിയിലാണ് അവള്‍ വീണ്ടും വിഷുവോര്‍ത്തത്.ഒരു പക്ഷേ ഇടയിലൊക്കെ വിളിച്ച അമ്മ മനപൂര്‍വ്വം ഓര്‍മ്മിപ്പിക്കാതാവാം.അവര്‍ക്കും തന്റെ മകളില്ലാത്ത ആദ്യ വിഷുവാണ്.വിഷു സദ്യക്ക് പകരം അന്നും കഫറ്റേരിയയിലെ ഭക്ഷണത്തില്‍ അവള്‍ക്ക് തൃപ്തിപ്പെടേണ്ടി വന്നു.കൂടെയിരുന്നതോ വിഷുവെന്താന്നറിയാത്ത ഒരു പഞ്ചാപുകാരി സുഹൃത്തും.രാത്രിയില്‍ ഓഫീസില്‍ നിന്ന് മടങ്ങുന്നതിനു മുമ്പ്  mathrubhumi.com അവള്‍ നോക്കി അതിലൂടെ അതീവ ഭംഗിയോടെ വിഷുക്കണി കണ്ടു.ഇതായിരിക്കാം ഇനിയുള്ള തലമുറയുടെ വിഷുക്കണി എന്നോര്‍ത്ത് അവള്‍ ഒന്ന് ചിരിച്ചു.ക്യാ ഹുവാ എന്നു ചോദിച്ച തന്റെ പഞ്ചാബി സുഹൃത്തിനോട് അവള്‍ പറഞ്ഞു "കുച്ച് നഹീം"










--------------------------------------------------------------------------------------------------------------------------------------





2012ലെ വിഷു ഓര്‍മ്മ.

3 comments: